ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സേറ

വീണ്ടുമൊരു സായാഹ്നത്തിൽ ഞാനും സേറയും കണ്ടു മുട്ടി.ഏറെക്കാലങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ചയിൽ ഒരു നിമിഷം ഞങ്ങൾ അപരിചിതരെപ്പോലെ നിന്നു.പതിവിലും ശക്തമായ തിരമാലകൾ ഞങ്ങളുടെ ഞങ്ങളുടെ പാദങ്ങളെ വലിച്ചു കൊണ്ടു പോകുമെന്ന് തോന്നി. തിരയും തീരവും നിലക്കടല വറുക്കുന്നതിന്റെ ഗന്ധവുമെല്ലാം സ്ഥിരം കാഴ്ചയായിരുന്നുവെങ്കിലും ഇന്ന് മാത്രം എന്തോ ഒരു അപരിചിതത്വം തോന്നുന്നു.എന്നാൽ എനിക്കെതിരെ നടന്നു വരുന്ന ഓരോ മനുഷ്യരും എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നതായി തോന്നി.അവരെയൊക്കെ ഞാൻ ഏതോ ഒരു സ്വപനത്തിൽ കണ്ടത് പോലെ തോന്നുന്നു. ആകാശം നിറയെ കാർമേഘങ്ങൾ മൂടുന്നു.തണുത്ത കടൽക്കാറ്റിൽ സേറയുടെ മുടിയിഴകൾ അലസമായി പാറുന്നു.ഒന്നു ചുമച്ച ശേഷം ഒരു തുടക്കം കിട്ടാൻ എന്ന പോലെ ഞാൻ ആകാശത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. "മഴ പെയ്യുമെന്നു തോന്നുന്നു." അതിനു മറുപടിയായി അവൾ ഒന്നു മൂളി. ശേഷം എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. "മെറീനയും മോളും സുഖമായി ഇരിക്കുന്നോ?" അതിന് മറുപടിയായി ഞാനും ഒന്ന് മൂളി. അത്ര മാത്രം. ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരു മൂളലിൽ തന്നെ ധാരാളമായുണ്ട്. ഇന്ന് നിവർന്നു നിൽക്കുന്ന എന്റെ നട്ടെല്ലിന് സേറ ദാനം നൽകിയ ജീവിതത്തിന്റെ കഥ പറയാനുണ്ട്. മഴ പെയ്തു തുടങ്ങിയപ്പോൾ ഞങ്ങൾ തീരത്തു നിന്നും തിരികെ കാറിനരികിലേക്ക് നടന്നു. കാറിനുള്ളിൽ ഒന്നും സംസാരിക്കാതെയുള്ള ഇരുപ്പ് തുടർന്നപ്പോൾ വീണ്ടും ഞാൻ വിഷയം മാറ്റാൻ സംസാരിച്ചു തുടങ്ങി. "ഏറെക്കാലമായി മഴ നനഞ്ഞിട്ട്. ഒന്ന് നനയാൻ തോന്നുന്നു." "മഴയോടുള്ള തന്റെ പ്രണയം ഇത് വരെ തീർന്നില്ലേ നിവിൻ?" "ഏയ് ഇല്ല." ചിരിച്ചു കൊണ്ട് ഞാൻ തല വെട്ടിച്ചു. "മഴ ഇഷ്ടമല്ലാത്തവർ ആരുണ്ട് സേറാ.." സേറയുടെ ചുണ്ടിൽ ദുഃഖം നിറഞ്ഞ ഒരു പുഞ്ചിരി പടർന്നു. "നിങ്ങളെ പോലുള്ളവർക്ക് മഴ നനയാൻ തോന്നുന്നു. മഴ പ്രണയമാണ് ക്ലാരയാണ് ലഹരിയാണ്. എന്നാൽ എനിക്ക് ഓരോ മഴത്തുള്ളിയും ചുടു കണ്ണുനീർ തുള്ളി പോലെയാണ്. അതെന്നെ ചുട്ടു പൊള്ളിക്കുന്നു". പറഞ്ഞു നിർത്തുമ്പോൾ സേറയുടെ കണ്ണുകൾ നിറഞ്ഞു വന്നു. പുറത്തു പെയ്യുന്ന മഴയിൽ കാറിനുള്ളിൽ ഞാനും സേറയും മറ്റേതോ ലോകത്ത് ഒറ്റപ്പെട്ടവരെ പോലെയായി. ഞങ്ങൾ ഇരുവരും ഏറെ മാറിയിരിക്കുന്നു. അതോ ഞാനാണോ മാറിപ്പോയത്?. ഫ്ലാസ്ക്കിനുള്ളിൽ നിന്നും പേപ്പർ ഗ്ലാസിലേക്ക് ചായ പകർന്ന് ഞാൻ നീട്ടിയപ്പോൾ അവൾ നിഷേധിച്ചു. ഒരു കവിൾ ചായ കുടിച്ചപ്പോൾ അതിന് മധുരം ഇല്ലെന്ന് എനിക്ക് തോന്നി. അതിനു മാത്രമല്ല ഒന്നിനും ഒരു മധുരമില്ലായിമ. അതങ്ങനെയാണ് ജീവിതത്തിലെ ഓരോ സന്ദർഭങ്ങളും അപ്പോഴപ്പോൾ ആസ്വദിക്കുക.പിന്നീട് അത് ആസ്വദിക്കുമ്പോൾ പഴയ മധുരം കിട്ടിയില്ലെന്ന് വരും. അവൾ വീണ്ടും കണ്ണുനീരിന്റെ ഉപ്പു രുചിയുള്ള മഴയെക്കുറിച്ചു വാചാലയായി.ഓർമ്മകളിൽ പടർന്ന് കയറിയ മുറിവുകളിൽ പെയ്ത മഴയെക്കുറിച്ചും ഭയപ്പെടുത്തിയ മഴക്കാലങ്ങളെക്കുറിച്ചും. പിരിയാൻ നേരം ഇനിയെന്നു കാണും എന്ന ചോദ്യത്തിന് മുഖത്തേക്ക് നോക്കാതെ അവൾ ഒന്ന് മാത്രം പറഞ്ഞു. "നീയും ഒരു മഴയോർമ്മയാണ് നിവിൻ" അന്നെനിക്ക് എഴുതാനുള്ളത് സേറയുടെ മഴയോർമ്മകളെ കുറിച്ചായിരുന്നു. കാടും മേടും പുഴകളും നിറഞ്ഞ ഒരു മലയോര ഗ്രാമത്തെ അത്രമേൽ സ്നേഹിച്ച സേറയെന്ന പത്തു വയസ്സുകാരിയുടെ ബാല്യത്തിൽ നിന്നും ഞാൻ ഓരോ ചിത്രങ്ങൾ വരച്ചെടുത്തു. അവിടെ അവൾ ഒരു ചിത്രശലഭത്തെപ്പോലെ പറന്നു നടന്നു. എന്റെ ദുഖങ്ങൾ മാത്രം കേട്ടിരുന്ന സേറയെ ഞാൻ അറിയാൻ ശ്രമിച്ചപ്പോൾ ഒരുപാട് വൈകിപ്പോയിരിക്കുന്നു.ഇതൊരു പുതിയ തിരിച്ചറിവാണ്. വാചാലനാകുകയല്ല ജീവിതത്തിൽ നല്ല കേൾവിക്കാരനാകുകയും വേണം. നാം മറ്റുള്ളവരെ കേൾക്കാൻ ക്ഷമ കാണിക്കുമ്പോൾ നമ്മുടെ വ്യക്തിത്വം ഒന്നു കൂടി മെച്ചപ്പെടുന്നു. എന്റെ എഴുത്തു മേശയ്ക്ക് പുറത്ത് ഇരുട്ടിൽ അപ്പോഴും മഴ തകർക്കുകയായിരുന്നു. ആ മഴയിൽ എവിടെയോ സേറയുടെ ബാല്യകാലത്തിന്റെ എങ്ങലടിച്ചുള്ള കരച്ചിൽ ഞാൻ കേൾക്കുന്നു.അരണ്ട വെളിച്ചത്തിൽ അവൾ ഇപ്പോഴും തന്റെ ബാൽക്കണിയിലെ ചുവന്ന പൂക്കളുടെ അടുത്ത് പുറത്തു പെയ്യുന്ന മഴയെ നോക്കി തനിച്ചിരുന്നു കരയുന്നുണ്ടാവും. അവൾ തനിച്ചാണ് എന്ന ചിന്ത എന്റെ ഹൃദയം തകർത്തു. അനാഥനായ എനിക്ക് കരയാനും ദേഷ്യപ്പെടാനും ചിരിക്കാനുമുള്ള വേദിയായിരുന്നു ആ ബാൽക്കണി. അവിടെ വിധികർത്താവും കാണിയും ഗുരുവും എതിരാളിയും എല്ലാം അന്ന് സേറ മാത്രമായിരുന്നു. ആ പത്തു വയസ്സുകാരിയുടെ ജീവിതത്തിൽ അന്ന് പെയ്ത മഴയിൽ ആ ഗ്രാമം ഒറ്റപ്പെട്ടു. മലഞ്ചെരുവുകളിൽ ഉരുൾ പൊട്ടി. രണ്ട് രാത്രിയും രണ്ട് പകലും തുടർച്ചയായി പെയ്ത മഴയിൽ ആ ഗ്രാമം വെള്ളത്തിൽ മുങ്ങി.വെറും എട്ട് പേരെ മാത്രം ജീവനോടെ രക്ഷപ്പെടുത്തിയപ്പോൾ അതിൽ സേറയും ഉൾപ്പെട്ടു. ചെളിയിൽ പൂണ്ടു പോയ മനുഷ്യരിൽ തന്റെ മാതാപിതാക്കളെ തേടി നടന്നു കണ്ടെത്താതെ വന്നപ്പോൾ അവൾ കരഞ്ഞു തളർന്നുറങ്ങി. പിന്നീട് പള്ളി വക അനാഥാലയത്തിൽ പുറത്തു പെയ്യുന്ന മഴയെ നോക്കി ജനലരികിൽ നിറ കണ്ണുകളോടെ നിന്നു. ഓരോ മഴക്കാലവും അവളെ വേട്ടയാടി. എന്നെങ്കിലും തന്നെത്തേടി ആരെങ്കിലും വരുമെന്ന പ്രതീക്ഷയിൽ അവൾ അനാഥാലയത്തിന്റെ ഗേറ്റിലേക്ക് കണ്ണു നട്ടിരുന്നു.ആരും വരില്ല എന്നു തോന്നി തുടങ്ങിയപ്പോൾ ആരുമില്ലാത്തവർക്ക് ആരെങ്കിലുമായി മാറാൻ തീരുമാനിച്ചു. ഒടുവിൽ അത് ഇവിടെ വരെ എത്തി നിൽക്കുന്നു. മഴ ശക്തി പ്രാപിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോൾ ഒന്ന് പോയി നോക്കിയാലോ? അവൾ ബാൽക്കണിയിൽ എന്നെയും കാത്തിരിക്കുന്നുണ്ടാകുമോ? അന്ന് രാത്രി മുഴുവൻ മഴ പെയ്തു. ഫയർ ഫോഴ്‌സ് വാഹനങ്ങളുടയും ആംബുലൻസിന്റെയും സൈറൺ ശബ്ദം എന്റെ ഉറക്കം കെടുത്തി. പിറ്റേന്നും മഴപെയ്തു. നഗരത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ടു. ഹെലികോപ്റ്ററിന്റെ ശബ്ദം ഇടയ്ക്കിടെ ഫ്ലാറ്റിന് മുകളിൽ കേട്ടു. സേറയെ വിളിച്ചു നോക്കിയപ്പോൾ പരിധിക്ക് പുറത്താണ് എന്ന മറുപടി വന്നു.വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനാൽ എന്റെ ഫോണും ചാർജ് തീർന്ന് ഓഫായി. ഒരാഴ്ച തുടർന്ന മഴയിൽ സംസ്ഥാനത്ത് പല നഷ്ടങ്ങളുമുണ്ടായി. എല്ലാം ഒന്ന് ശമിച്ചപ്പോൾ ഞാൻ സേറയെത്തേടി അവളുടെ ഫ്ലാറ്റിലേക്ക് ചെന്നു. ചിലർ താഴത്തെ നിലയും മറ്റു ഭാഗങ്ങളും കഴുകി വൃത്തിയാക്കുന്നു. എന്നെ കണ്ടപ്പോൾ സേറയുടെ സുഹൃത്ത് ദീപ പുഞ്ചിരിയോടെ അടുത്തേക്ക് വന്നു. സേറ?... "അവൾ അന്ന് തന്നെ പോയല്ലോ നിവിൻ." "എന്ന് ?" "കൃത്യമായി പറഞ്ഞാൽ മഴ തുടങ്ങിയ അന്ന് രാത്രി തന്നെ.സാധനങ്ങൾ എല്ലാം എടുത്തു കൊണ്ടാണ് പോയത്.ഇടയ്ക്ക് വച്ചു യാത്ര തടസപ്പെട്ടുവെന്നും ക്യാമ്പിലാണെന്നും പറഞ്ഞു മെസ്സേജ് അയച്ചിരുന്നു. പിന്നീട് ഞാൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു." "വിളിക്കുകയാണെങ്കിൽ എന്നെ ഒന്ന് വിളിക്കാൻ പറയൂ ദീപ." തിരിഞ്ഞു നടക്കുമ്പോൾ എന്റെ പാദങ്ങൾ ഇടറുന്നുണ്ടായിരുന്നു. വാർത്താ ചാനലുകളിൽ അപ്പോഴും പ്രളയം നിറഞ്ഞു നിന്നു. ചരിത്രത്തിൽ അതിനെ രണ്ടായിരത്തി പതിനെട്ടിലെ പ്രളയം എന്ന് രേഖപ്പെടുത്തി. എന്റെ കണ്ണടയിലേക്ക് പതിച്ചത്‌ മഴത്തുള്ളിയോ അതോ കണ്ണുനീർ തുള്ളിയോ എന്നറിയാതെ ഞാൻ നിൽക്കുമ്പോൾ ചെവിയിൽ സേറ അടക്കം പറയുന്നത് പോലെ കേട്ടു. "നീയും ഒരു മഴയോർമ്മയാണ് നിവിൻ".. . (വെണ്ണില മഴപ്പതിപ്പ് ആഗസ്റ്റ് 2021)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )