ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തടവറ വാസം

ഒരു കുന്നിൻ മുകളിൽ നിന്നും ഉത്ഭവിച്ചു കാനന പാതകളിലൊഴുകി  പല ദേശങ്ങളിലെയും മണ്ണ് താണ്ടി ഒടുക്കം കടലിൽ ലയിച്ചു ചേർന്ന നീർച്ചാൽ പോലെയെന്ന് തോന്നി പോകുന്നു. ഒഴുകുമ്പോൾ ലക്ഷ്യം കടലായിരുന്നു. ഒഴുക്ക് നിലച്ചപ്പോൾ വീണ്ടും ഒഴുകാൻ കൊതിക്കുന്നു. വിരസത അകറ്റാൻ കടലിനാകുന്നില്ല.ഇരുട്ട് നിറഞ്ഞ തടവറകളെപ്പറ്റി കഥകളിൽ വായിച്ചിട്ടുണ്ട്.നീ ഇല്ലാത്ത രാത്രികൾ  ഞാൻ ഇരുട്ട് നിറഞ്ഞ തടവറയിലാണ്. നീ ഇല്ലാത്ത പകലുകളിൽ വെളിച്ചമുള്ള തടവറയിലും.
മേൽചുണ്ട് നാസികത്തുമ്പിനോട് വളച്ചു ചേർത്ത്  ബീഡി മണം ആസ്വദിക്കുന്ന പകലുകളുടെ ആരംഭത്തിൽ വെട്ടുകല്ലിൽ തീർത്ത മതിലിന്റെ മുകളിലേക്ക് പറന്നിറങ്ങുന്ന
മയിൽക്കൂട്ടങ്ങളിൽ ഇതു വരെയും ഒരു ആൺ മയിലിനെ കാണാൻ കഴിയാത്തത് അത്ഭുതം തന്നെയാണ്. എന്തൊക്കൊയോ കൊത്തിപ്പെറുക്കി വേഗം പറന്ന് പോകുന്ന അവയെ കാണുമ്പോൾ ഇത്ര ധൃതിയിൽ എങ്ങോട്ട് പോകുന്നു എന്ന ചിന്ത പതിവ് പോലെ ഉയർന്ന് വരും.
എന്തൊക്കെയോ കൊത്തിപ്പെറുക്കി കഴിച്ചെന്നു വരുത്തി ധൃതിയിൽ ജോലിക്ക് ഓടുന്ന നിന്നെപ്പോലെ തന്നെയാണ് ഇവറ്റകളും. നോട്ടി കപ്പിൾസ് എന്ന് ഞാൻ വിളിച്ച ആ രണ്ട് കുരങ്ങുകളെ പിന്നീട് ഈ വഴി കണ്ടിട്ടില്ല. പിന്നെയുള്ളത് ഒരു ഇരപിടിയൻ ഉടുമ്പാണ്. ഇപ്പോൾ ഈ മച്ചിന്റെ മുകളിൽ എവിടെയെങ്കിലും കിടന്ന് ഉറങ്ങുന്നുണ്ടാകും. വയസ്സാം കാലത്ത് ഗർഭം ധരിച്ച കറുമ്പി പശു ഇടയ്ക്ക് പറമ്പിൽ വരുമ്പോൾ അമറി വിളിക്കും. പഴത്തൊലിയോ പച്ചക്കറിയുടെ അവശിഷ്ടങ്ങളോ എടുത്ത് മതിലിന്റെ മുകളിൽ വച്ചു കൊടുക്കും. ഇനി അതുമില്ലേൽ കഴിക്കാൻ വച്ചിരിക്കുന്ന ഉപ്പുമാവിന്റെ പകുതി കൊടുക്കാനും ഈ വിശാല മനസ്കൻ  തയ്യാറാണ്.
കടുംകാപ്പി നുണഞ്ഞും നഖം കടിച്ചു തുപ്പിയും കുറ്റാന്വേഷണ സിനിമകളിൽ മുഴകിയും ഉടനെങ്ങും എഴുതി തീരാൻ പോകുന്നില്ലാത്ത സ്വന്തം രചനയുടെ ചില മർമ്മ ഭാഗങ്ങളെക്കുറിച്ചു ആകുലതപ്പെട്ടും ഒരു പകൽ തള്ളി നീക്കാൻ സാധിച്ചെങ്കിൽ കൊതുകുതിരി ഗന്ധം വീർപ്പു മുട്ടിക്കുന്ന രാത്രികൾ വളരെ ദുഷ്ക്കരമാണ്. നാവിന്റെ രസമുകുളങ്ങൾ പോലും പ്രവർത്തിക്കുന്നില്ല എന്ന് അത്താഴ സമയങ്ങളിൽ തോന്നാറുണ്ട്.
കണ്ണടയിലേക്ക് പതിക്കുന്ന മൊബൈൽ ഫോണിന്റെ  വെളിച്ചത്തിൽ കണ്ണുകൾ കഴക്കും. മുഖ പുസ്തകവും ഏറെ മടുപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. പണ്ടെങ്ങോ എന്റെ വരികളിൽ നിറഞ്ഞു നിന്ന പ്രണയത്തിന്റെ രുചികളെ വിമർശിച്ച വിമർശക കമ്മറ്റിയുടെ നേതാവും അവരുടെ അണികളും ഇന്നിതാ പ്രണയത്തെക്കുറിച്ചു  അത്യന്തം വാചാലരാകുന്നു.
കാലം പോയ പോക്കെ.

ചുവപ്പിൽ നിന്നും ഓറഞ്ച് നിറത്തിലേക്ക് മാറിയ കാസറഗോഡ് ജില്ലക്ക് മനസ്സിൽ ഓന്തിന്റെ രൂപമാണ്.

നീ നീട്ടിയ നാക്കിലേക്ക് ഒട്ടിപ്പിടിച്ചവരിൽ ഞങ്ങളും.

കൊറോണയുടെ ഭീതിയിൽ നാടെങ്ങും കഴിയുമ്പോൾ ഒരു തൊഴിൽ രഹിതന്റെ സായാഹ്നങ്ങളിലെ സന്തോഷകരമായ രണ്ടര മണിക്കൂർ നഷ്ടപ്പെടുത്തിയ കൊറോണയോട് കടുത്ത അമർഷം  തോന്നുന്നു.
ഒരു ദിവസത്തിലെ ഏക ആശ്വാസമായിരുന്നു ഒന്നിലധികം ചായ കുടിച്ചു  നിരത്തിലോടുന്ന വാഹനങ്ങളെ നോക്കി എരിക്കിൻ ചെടിയുടെ പൂക്കളെ നോക്കി ചില വൃദ്ധന്മാരെ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടുള്ള ചായക്കടയിലെ ആ ഇരുപ്പ്.ആ ഇരുപ്പിൽ പലപ്പോഴും മികച്ച വാചകങ്ങൾ മനസ്സിൽ വരാറുണ്ട്. അപ്പോൾത്തന്നെ അതൊക്കെ ഫോണിൽ കുറിച്ചിടും.
ഇനിയുമിങ്ങനെ ഈ തടവറയിൽ എത്ര നാൾ?

ഒരിക്കലും സംഭവിക്കാൻ പോകുന്നില്ലാത്ത സ്വപ്നങ്ങൾ കണ്ട് ദിനങ്ങൾ ഓരോന്നും തളളി നീക്കുമ്പോൾ എങ്ങാനും ഇനി അങ്ങനെ സംഭവിച്ചാലോ എന്ന ചിന്ത മുളക്കും.
ഒരിക്കൽ ചക്ക വീണ് മുയൽ ചത്തു എന്ന് കരുതി എപ്പോഴും അങ്ങനെ ആകണം എന്നില്ലോ..
മുളയെ സാവധാനം നുള്ളിക്കളയും.
ഞാനിനിയും മുളക്കുമെന്ന് മുള പറഞ്ഞു കൊണ്ടിരുന്നു.

അടുക്കള ജനലിലൂടെ അടുത്ത ഫ്ളാറ്റിലെ കരയുന്ന കുഞ്ഞിനെയും ചോറൂട്ടുന്ന അമ്മയെയും ഏറെ നേരം നോക്കി നിന്നു.
 ഈ ചെറിയ ജനലിനെക്കാൾ ഞാൻ ചെറുതാകുന്ന പോലെ തോന്നി.
ഈ കൊച്ചു വീട്ടിൽ ശ്വാസം മുട്ടുന്നുണ്ട്.
എനിക്ക് ഒഴുകാൻ സാധിക്കുന്നില്ല.
ഈ ഏകാന്തതയ്ക്ക് രുചി തോന്നുന്നില്ല.
ഇവിടെ വിരിയുന്ന പൂക്കൾക്ക് ഗന്ധമില്ല.
ഇന്നലെ പെയ്ത മഴ ആസിഡ്‌ പോലെ പൊള്ളിച്ചു.
ദാഹിച്ചപ്പോൾ കുടിച്ച വെള്ളത്തിന് കയ്പ്പായിരുന്നു.
തുടങ്ങി എന്തൊക്കൊയോ പറയണം എന്നുണ്ട്. പക്ഷെ അതിനും സാധിക്കുന്നില്ല. ദുഃഖങ്ങളിൽ നിന്നും മാത്രം ജനിക്കുന്ന ഒന്നാണോ കാവ്യം. അതെന്താ സന്തോഷമുള്ളപ്പോൾ സംഭവിക്കാത്തത്? ചോദ്യങ്ങൾ ചോദിക്കാനോ ഉത്തരങ്ങൾ കേൾക്കാനോ താൽപര്യം തോന്നുന്നില്ല.ഏറെ നേരം ഉലാത്തിയ ശേഷം വാഷ് ബേസനരികിലിരുന്ന പഴത്തൊലിയും പച്ചക്കറി അവശിഷ്ടങ്ങളും  ഒരു പൊട്ടിയ പ്ളേറ്റിലാക്കി മതിലിനു മുകളിൽ വച്ചു കറുമ്പി പശുവിന്റെ കുട്ടിയെയും മതിലിൽ പറന്നിറങ്ങുന്ന മയിലുകളിൽ പീലി വിടർത്തുന്ന ഒന്നിനെയും നോക്കി വെളിച്ചം വീഴാറായ തടവറയിൽ കാത്തിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )