ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കറുത്ത ചുഴി

ചിലതൊക്കെ വിവരിക്കണമെങ്കിൽ മലയാളത്തിൽ ഇനിയും പുതിയ പദങ്ങൾ വരേണ്ടിയിരിക്കുന്നു എന്ന തോന്നലുണ്ടായത് ഈ മതിൽക്കെട്ടിനുളിൽ തനിച്ചാകുന്ന പകലുകളിലാണ്. വെട്ടുക്കല്ലുകളിൽ തീർത്ത മതിലിനപ്പുറം കടലിരമ്പുന്നതായി വെറുതെ സങ്കല്പപ്പിക്കും. ഉടുമ്പും കീരിയും ഇരപിടിച്ചു നടക്കുന്ന ഇടത് വശത്തെ തകർന്ന വീടും കാട് മൂടിയ പരിസരവും ഒരു പഴയ ബീച്ച് റെസ്റ്റോറന്റായി മനസ്സിൽ പണിതുയർത്തു.
പൊരുത്തപ്പെടാൻ സാധിക്കാത്ത നാടും ഭാഷയും സംസ്ക്കാരവും മുഷിപ്പിന്റെ മുൻപന്തിയിൽ നിന്നപ്പോൾ ഒരല്പം സ്വസ്ഥത കണ്ടെത്തിയത് ഇങ്ങനെയൊക്കെയാണ്.

കടുപ്പത്തിൽ ഒരു കാപ്പിയും  മുക്കാൽ ഭാഗം എരിഞ്ഞു തീർന്ന സിഗരറ്റുമായി ഇരിക്കുമ്പോഴാണ് തിരയെണ്ണാൻ തോന്നിയത്.
തീരത്തേക്ക് പരമാവധി തനിച്ചു പോകാൻ ശ്രമിക്കും. ഒരാൾ കൂടെയുണ്ടാകുമ്പോൾ എനിക്കും കടലിനുമിടയിലുള്ള ദൂരം കൂടുന്നത് പോലെ തോന്നും. വ്യത്യസ്തമായ  കാഴ്ചയ്ക്കായി ഓരോ തവണയും ശ്രമിച്ചപ്പോഴും ഫലം കണ്ടില്ല.. മൂന്നാമതൊരാളുടെ സാമീപ്യം തിരിച്ചറിഞ്ഞ നാൾ കടൽ കരയെ വിഴുങ്ങി. ശൂന്യതയിൽ ചൂണ്ടു വിരൽ കൊണ്ട് കണക്ക് കൂട്ടലുകൾ നടത്തി മായ്ച്ചു കളയുന്ന ശീലത്തെ മറ്റൊരു തരത്തിൽ ഉപയോഗിക്കാൻ അന്ന് തീരുമാനിച്ചു.
കണ്ണുകളാൽ കടലിനെ കീറി മുറിച്ചു. അളവിൽ കവിഞ്ഞ ഭാവനയുടെയും  അവശേഷിക്കുന്ന മഷിക്കുപ്പിയുടെയും അഹങ്കാരത്തിൽ നിറം നൽകി. "

"പച്ചപ്പുകൾക്കിടയിലെ നീലത്തടാകം".

കാലുകളിൽ അനുഭവപ്പെടുന്ന നേരിയ നീറ്റൽ ശല്യപ്പെടുത്തിയില്ല. തടാകത്തിനുള്ളിൽ തുറന്നിരിക്കുന്ന കണ്ണുകൾ.
ആ കൃഷ്ണമണിയിലാണ് ആഴം അത്രയും ഒളിപ്പിച്ചിരിക്കുന്നത്.

വേഗം വേണം.. സമയം കുറവാണ്..
ആരോ മന്ത്രിക്കുന്നു.

കുതിച്ചു ചാടി ആഴങ്ങളിലേക്ക്  ഊളിയിട്ടു. കൈ കാലുകൾക്ക് എന്തോ കരുത്തു വന്നിരിക്കുന്നു. ആകെ നീന്തിത്തുടിക്കാൻ ശരീരം കൊതിക്കും പോലെ. ഓരോ കുമിളകളിലും ഓരോ അക്ഷരങ്ങൾ. പവിഴപ്പുറ്റുകളിൽ പൊട്ടി വിടരുന്ന ചില്ലക്ഷരങ്ങൾ.
കല്ലുകളിലും മത്സ്യങ്ങളുടെ പുറത്തും ആലേഖനം ചെയ്തിരിക്കുന്ന പ്രാചീന ലിപികൾ.
ശുഭ പന്തുവരാളി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ആരോ പാടുന്നത് പോലെ തോന്നി.

പായലുകൾ മാത്രം നിറഞ്ഞ ഒരു ഭാഗത്തേക്ക് നീന്തി.
പായലുകൾക്കിടയിൽ വികൃതമായ ഒരു പാവ കിടപ്പുണ്ടായിരുന്നു. മെക്‌സിക്കോയിലെ ഡോൺ ജൂലിയന്റെ കഥകളിൽ നിന്നറിഞ്ഞതിലും ഭീതിപ്പെടുത്തുന്ന വികൃതയായ പാവ.
അതിന്റെ തകർന്ന കൈ എനിക്ക് നേരെ നീണ്ടിരിക്കുന്നു. അതിലേക്ക് തൊടനാഞ്ഞതും വലിയ മുഴക്കത്തോടെ എന്തോ ഒന്ന് തടാകത്തിലേക്ക് പതിച്ചു. നിമിഷങ്ങൾക്കുള്ളിൽ തടാകത്തിലെ ജലം കറുത്ത നിറത്തിലായി.
കൃഷ്ണമണിയിൽ ഒരു വലിയ ചുഴി രൂപം കൊണ്ടു. ഗാനം നിലച്ചിരിക്കുന്നു. ചുഴിയിലേക്ക് താഴ്ന്നു പോകുന്നു. ഇരു കൈകളും മുകളിലേക്ക് നീട്ടി പ്രാണ രക്ഷാർത്ഥം അലറി വിളിച്ചു. ശബ്ദം പുറത്തേക്ക് വരുന്നില്ല. ഇരുണ്ടു മൂടിയ ആകാശത്തിനു കീഴിൽ എനിക്ക് നേരെ വരുന്ന തകർന്ന പിഞ്ചു കൈയുടെ  ദൃശ്യത്തോടെ ഇരുട്ട് നിറയുന്നു..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )