ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പനിക്കിനാവുകൾ

പറന്നുയരുന്ന അഗ്നിഗോളങ്ങൾ മാത്രമാണ് കാണുന്നത്.. പനിച്ചൂടിന്റെ കയ്പ്പിലെങ്ങോ അലിഞ്ഞു ചേർന്ന കട്ടൻകാപ്പി മധുരത്തെ രസമുകുളങ്ങൾ വീണ്ടും തേടിക്കൊണ്ടിരുന്നു.
വലിച്ചു തുറക്കാൻ ശ്രമിച്ചിട്ടും പീള കെട്ടിയ കണ്ണുകൾ മെല്ലെ അടഞ്ഞു..

കരിയെഴുതാത്ത കണ്ണീർ വറ്റിയ ആ കണ്ണുകളാണ് തെളിയുന്നത്...
പൊടുന്നെനെ ആ കണ്ണുകളിൽ ഒരു നദി രൂപം കൊണ്ടു..
ഉള്ളിലെ ചൂടിനെ കാലവർഷത്തിൽ കലങ്ങിയൊഴുകുന്ന പാമ്പാറിന്റെ ചിത്രം തണുപ്പിക്കുന്നു.

സന്ധ്യയുടെ നിറമുള്ള പകൽ..

പാമ്പാറിന്റെ തീരത്തായി മുളങ്കുറ്റിയിൽ കെട്ടിയിട്ടിരിക്കുന്ന തോണി ഇടം വലം ഉലഞ്ഞു കൊണ്ടിരിക്കുന്നു..
അല്പം അകെലെയായി ഒറ്റമരത്തിന്റെ കീഴിൽ അവൾ നിൽക്കുന്നുണ്ട്..
        നിഖില..............

മുഖത്തേക്ക് നോക്കുവാനും സംസാരിക്കാനും കഴിയാതെ ഞാനിനിയുമെത്ര കാലം...

കരിമ്പിൻ പാടത്തിനക്കരെ   നിന്നും കേൾക്കുന്ന കൂവലിന് മറുപടി നൽകാൻ എന്റെ നാവുയരുന്നില്ല..

മുതുവന്മലയിൽ നിന്നും കൊട്ടുകൾ കേൾക്കാം..
അല്പം കഴിയുമ്പോൾ പാട്ടുകൾ തുടങ്ങും..

ഒരിക്കൽ കത്തിയമർന്നിട്ടും പൂർവ്വാധികം ശക്തിയോടെ ഊരുകൾ തിരിച്ചു വന്നു..
കുടിയേറ്റക്കാരി ശിക്കാരി കുട്ടിയമ്മയുടെ പാദങ്ങൾ പതിഞ്ഞ മണ്ണ്..
പഞ്ച പാണ്ഡവന്മാർ വനവാസ കാലം ചിലവിട്ട കാടുകൾ..

ഈ കാടും മലനിരകളും എന്നെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ ബാല്യമാണ്..

കുന്നിക്കുരു പെറുക്കിയ നാളുകൾ , കൊങ്ങിണിപ്പൂവ് പൊട്ടിച്ചെടുത്ത സായാഹ്നങ്ങൾ..
കാപ്പി പൂത്തു നിൽക്കുന്ന മഞ്ഞു വീണ പുലരികൾ..

അലറിയൊഴുകുന്ന പാമ്പാറിന്റെ ശബ്ദം കേൾക്കുമ്പോൾ അന്ന് നീ വരില്ല എന്ന് ഞാൻ ഉറപ്പിക്കും...

എങ്കിലും വെറുതെ താഴേക്ക് , ആ ചന്ദനക്കാടുകളിലേക്ക് നോക്കിയിരിക്കും...

വെള്ള ഷർട്ടും നീല കുട്ടിപ്പാവാടയും അണിഞ്ഞു ബാഗും തൂക്കി നീ വരുന്നുണ്ടോയെന്ന്..

ബാല്യത്തിന്റെ ഓർമകളിലത്രയും നീയായിരുന്നു..
നൂൽമഴയും മഞ്ഞും ചേർന്ന ആ  സായാഹ്നങ്ങൾ ഇനിയൊരിക്കലും തിരികെ വരില്ല എന്ന ചിന്ത കടുത്ത വിഷാദത്തിന്റെ ആഴങ്ങളിലേക്ക് എന്നെ കടത്തി വിട്ടു കൊണ്ടിരിക്കുന്നു.

അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് നടിക്കുന്ന നിന്റെ ഭാവമാണ് എന്റെ ഏറ്റവും വലിയ വേദന..

വരൂ , നമുക്ക് പോകാം..
ആ മലയടിവാരത്ത് വീണ്ടും നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് തിരികെ വരാം.. അന്ന് പാമ്പാർ ശാന്തമായി കിഴക്കോട്ട് ഒഴുകും.

ഞാൻ പറഞ്ഞത് മുഴുവനായും രൗദ്ര ഭാവത്തിലൊഴുകുന്ന പാമ്പാറിനൊപ്പം അകലങ്ങളിലേക്ക് പോയി..

മാംസത്തിൽ തുളഞ്ഞു കയറി നോവിക്കുന്ന തണുപ്പിലും അവൾ വിറക്കുന്നില്ല..

തഴച്ചെടികൾക്കിടയിലൂടെ ഞാൻ മെല്ലെ അവൾക്കരികിലേക്ക് നടന്നു..

വിറക്കുന്നുണ്ട് അത്‌ പക്ഷെ തണുപ്പ് കൊണ്ടല്ല..
         ഭയം.......................

ആ ഭയത്തിന് ഒരു പേര് നൽകാൻ എനിക്ക് കഴിഞ്ഞിട്ടില്ല...
അവളെ കാണുമ്പോഴും അവൾ അരികിൽ ഉണ്ടാകുമ്പോഴുമുള്ള ഭയം...

അവളുടെ കൈത്തണ്ടയിൽ പിടിച്ചു എന്നിലേക്ക്  ചേർക്കാൻ ഞാൻ ശ്രമിച്ചു..

ഇരുകൈകൾ കൊണ്ടും എന്നെ തള്ളിമാറ്റി അവൾ തിരിഞ്ഞു നടന്നു..

വീണ്ടും ആ കണ്ണുകൾ..
കണ്ണുകളിൽ പാമ്പാർ രൂപം കൊള്ളുന്നു..
തോണി തുഴഞ്ഞു അവൾ മറഞ്ഞു പോകുന്നു..

വേദനിപ്പിക്കുന്ന സ്വപ്നങ്ങൾ നൽകിയ പകലിനെ ഞാൻ വെറുത്തു..

മിഴികൾ തുറക്കുമ്പോൾ ചുമരിലെ മാധവിക്കുട്ടിയുടെ ചിത്രത്തിൽ മറ്റൊരു മുഖം ആയിരുന്നു..

ആ തോണി അകന്ന് പോകുന്ന ചിത്രം മനസ്സിൽ വരച്ചിട്ട ശേഷം വീണ്ടുമൊരു കട്ടൻകാപ്പിയുമായി ഞാൻ ലയിച്ചു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ഏഴാം നാൾ

 ഒടുവിൽ വീണ ഒരുപിടി അരളിപ്പൂക്കളെന്റേതാണ് നിന്നോളമുറഞ്ഞില്ലെങ്കിലും മഴയെന്നെയും മരവിപ്പിച്ചു  മരിപ്പിനായി മാത്രം പെയ്ത  മഴയെന്നവർ ശപിച്ചപ്പോൾ  ഇന്നലെ മഴപ്പാറ്റകളിൽ  ഞാൻ നിന്നെ കണ്ടിരുന്നു .  തൊണ്ടയിലെ കഴച്ചിലടക്കി  നിന്നെ ചുമന്നിറക്കുമ്പോൾ  നിന്റെ ചുവന്ന സന്ധ്യകളുടെ  ഭാരത്താൽ കാതുകൾ കൊട്ടിയടച്ചു   അന്ന് നീ മറ്റൊരാളായി നടിച്ചിരിക്കാം . തേങ്ങലിനെ ചിരി കൊണ്ട് മറച്ചിരിക്കാം വേദന തിന്ന് വിശപ്പകറ്റിയിരിക്കാം . കണ്ണീർ പാനിച്ചു ദാഹം ശമിപ്പിച്ചിരിക്കാം . ശേഷിച്ചതെല്ലാം കുഴിച്ചിട്ടു കൂടെക്കൂട്ടിയിരിക്കാം  നോവിച്ച സന്ധ്യകളെ കടിച്ചമർത്തി പൊള്ളിച്ച ഓർമ്മകളെ അടിച്ചമർത്തി അതിജീവനം തേടാതെ പിടഞ്ഞണഞ്ഞപ്പോൾ മരണം ഉത്തരമില്ലാത്ത ചോദ്യമായി മാറി .  വരികൾ വരെ വിതുമ്പിയ ഏഴാം നാളിൽ അലമുറകൂട്ടിയവരെ കണ്ടു കിട്ടിയില്ല അപ്പോൾ മരണമെന്നത് സത്യവും കണ്ണീരെന്നത് കാപട്യവുമായിത്തീർന്നു .  മൗനം നിഴലിച്ച മണ്ണിലേക്കുള്ള  നിന്റെ മടക്കത്തിൽ നോവുന്നതിന്നും ചുരത്തിയ മാറിനും  ചുമന്ന തോളിനും മാത്രമാണ് . ( സായാഹ്നം ദിനപത്രം സെപ്റ്റംബർ 2021 )