ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇനിയുമൊരു വ്യാഴവട്ടക്കാലം

നിന്നെക്കാൾ രണ്ടു വയസ്സ് മൂത്ത പെണ്ണിനെ മാത്രമേ നിനക്ക് പ്രേമിക്കാൻ കിട്ടിയുള്ളൂ......
ആ ചോദ്യമാണ് നീരജ് ഏറെക്കാലം ആയി കേട്ട് കൊണ്ടിരിക്കുന്നത്...
ജേർണലിസം കഴിഞ്ഞു ഏറെ പ്രതീക്ഷകളോടെയായിരുന്നു ചാനലിൽ ജോലിക്കു കയറിയത്...
പക്ഷെ കൊടിയുടെ നിറവും പണത്തിന്റെ പെരുക്കവും റേറ്റിങ്ങിന് വേണ്ടി ഏത്
പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ വരെ ഓട്ടയിടാൻ മടിക്കാത്ത ചാനലുകാരുടെ കളി  കണ്ടപ്പോൾ മനസ്സ് മടുത്തു...
അങ്ങനെയിരിക്കെയാണ് അതെ ചാനലിലെ തന്നെ ജേർണലിസ്റ് കൂടിയായ ഋതികയുമായി പരിചയത്തിലാവുന്നത്...
ഋതിക ജാനകി....
തന്നെപ്പോലെ തന്നെ ഒരു മനോഭാവം ഉള്ളതിനാൽ അവളുമായി പെട്ടന്ന് ഇണങ്ങി.. ആ സൗഹൃദം കാലം എപ്പോഴോ പ്രണയത്തിൽ മുക്കിയെടുത്തു... നീരജിന്റെ വീട്ടിൽ ശക്തമായ എതിർപ്പ് ... അവളുടെ വീട്ടിലും അത് തന്നെ അവസ്ഥ...
പിന്നെ കേട്ടത് കുറെ ഏറെ ഉപദേശങ്ങൾ...
ഭാവിയിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടാകും.....
പ്രായത്തിനു മൂത്ത പെണ്ണിനെ കെട്ടിയാൽ എങ്ങനെ ശരിയാകും
സംഗതി പറയുവാൻ എളുപ്പമാണ്.. സച്ചിൻ തെൻഡുൽക്കർ , അഭിഷേക് ബച്ചൻ, ധനുഷ് ,
ഇത് പക്ഷെ നീയല്ലേ അളിയാ.....
പക്ഷെ ഒരാൾ പറഞ്ഞു...
' പ്രണയത്തിനും സൗഹൃദത്തിനും പ്രായ പരിധി ഒന്നും ഇല്ലടോ' ...
ആ വാക്കുകൾ ബലരാമന്റെ ആയിരുന്നു..
കാമുകിയുടെ സഹോദരിയെ മാനഭംഗപ്പെടുത്തി കൊന്നു ഇരുപത്തിനാലു വർഷം ജയിലിൽ കിടന്ന കുറ്റവാളി  ബലരാമൻ...
കേരളം ആകെ ഞെട്ടിത്തരിച്ച കൊലക്കേസ് ആയിരുന്നു അത്...
ഇരുപത്തിനാലു വർഷങ്ങൾക്കു ശേഷം ബലരാമൻ ഒരു ഒരു വെളിപ്പെടുത്തലുമായി ജനങ്ങൾക്ക് മുൻപിലേക്ക് വരികയാണ്... ആ സത്യങ്ങൾ ഒരു ഫീച്ചർ ആക്കി എഴുതുവാൻ പലരും കാത്തിരുന്നു....
എതിർപ്പുകളെ അവഗണിച്ചു നീരജും ഋതികയും വിവാഹം കഴിക്കുവാൻ തീരുമാനം എടുത്തു...ഇതിനിടയിൽ സുഹൃത്തിന്റെ പുതിയ വാർത്ത ചാനലിൽ രണ്ടാളും ജോലിക്കു കയറി.. മാധ്യമധർമ്മം തുടങ്ങുകയായി...അവിടെ നിന്നങ്ങോട്ടു കേരളം മുഴങ്ങി കേട്ട രണ്ടു ചാനൽ പ്രവർത്തകരുടെ പേരുകൾ ആയിരുന്നു
നീരജ് പണിക്കർ , 
ഋതിക ജാനകി
പക്ഷെ കുറച്ചു നാൾ കഴിയും മുൻപേ പൊരുത്തക്കേടുകൾ തുടങ്ങി.. മാധ്യമ ധർമ്മം എന്നതിനപ്പുറം രണ്ടു പേരുടെയും മത്സരം കൂടി ആയിത്തീരുകയായിരുന്നു അത്..
സുഹൃത്തുക്കൾ പറഞ്ഞ പോലെ  തന്നെ.
അപകർഷതയും വാശിയും പിന്നീട് ഒരു തരം വെറുപ്പിലേക്കു മാറുകയായിരുന്നു...
ബലരാമന്റെ വെളിപ്പെടുത്തലുകൾ എന്താവും എന്നറിയാൻ എല്ലാവരും കാത്തു നിൽക്കെ ആ ഫീച്ചർ തയ്യാറാക്കുവാൻ രണ്ടു പേരും ഒരുങ്ങി.. തങ്ങളിൽ ഒരാൾക്ക് മാത്രമേ അത് ലഭിക്കു എന്നറിയാം.. എന്നാൽ അത് തനിക്കു തന്നെ വേണം എന്ന വാശി ഇരുവരെയും പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു...
ബലരാമാനെ  കാണാനായി പിറ്റേന്ന് പുലർച്ചെ തന്നെ പുറപ്പെട്ടു ചെന്ന ജാനകിയെ വെട്ടിച്ചു അയാളുമായി നീരജ് അവിടെ നിന്നും മുങ്ങി....
അവൾ ഫോണെടുത്തു അവനെ വിളിച്ചിട്ട് പറഞ്ഞു..
എന്നെ പറ്റിച്ചു എന്നൊരു അഹങ്കാരം നിനക്ക് ഉണ്ടാകും... ഇതോടു കൂടി തീരുകയാണ് എല്ലാം.. ഇനി ഞാനും നീയും ഒരു സ്ഥലത്തു ജോലി ചെയ്യില്ല.... നമ്മൾ തമ്മിൽ പിരിയുകയാണ്.. ഇനി എന്നെ നീ അന്വേഷിക്കരുത്...
മറുപടി പറയാതെ നീരജ് ഫോൺ കട്ട് ചെയ്തു...
വീണ്ടും അവൾ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി..
ഈ സമയം നീരജ് തന്റെ  കാറുമായി  ആലപ്പുഴയിൽ എത്തിയിരുന്നു...
ഒപ്പം ബലരാമനും...
സീറ്റിൽ ചാരിക്കിടന്നുറങ്ങുന്ന ബലരാമനെ നീരജ് നോക്കി..
പാതിയും നരച്ച മുടി... കട്ടിയുള്ള താടി.. ആറടി പൊക്കം ഉള്ള അതികായനായ മനുഷ്യൻ.. ഇപ്പോഴും മുഖത്ത് നല്ല ഒരു പ്രസന്നതയുണ്ട്...
ഇയാൾ പറഞ്ഞത് തികച്ചും സത്യമാണ്.. പ്രണയത്തിനും സൗഹൃദത്തിനും പ്രായ പരിധിയില്ല..
ഈ യാത്രയിൽ വളരെ പെട്ടന്ന് ആണ് തങ്ങൾ സുഹൃത്തുക്കൾ ആയി മാറിയത്.. ഈ യാത്ര ഒരു പെണ്ണിനെ വിളിച്ചിറക്കുവാൻ വേണ്ടിയാണ്...
വസുന്ധരയെ...
ഇരുപത്തിനാലു വർഷം ബലരാമനെ കാത്തിരുന്ന വസുന്ധര...
ഉറക്കം ഉണർന്ന ബലരാമൻ പറഞ്ഞതനുസരിച്ചു നീരജ് ആ ഗാനം ഇട്ടു....
......ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം....
ഏതോ ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമ്മയിൽ മുഴുകിയിരുന്നു ബലരാമൻ പറഞ്ഞു..
ഇത് ഞങ്ങളുടെ പാട്ടാടോ.. എന്റെയും വസുവിന്റെയും...
പാടങ്ങൾക്കിടയിലൂടെ  കാർ നീങ്ങി തുടങ്ങിയപ്പോൾ ബലരാമൻ വീണ്ടും പറഞ്ഞു..
കുട്ടനാടിന്റെ ആ ഭംഗി നഷ്ട്ടപ്പെട്ടു തുടങ്ങി അല്ലേ...
അല്ല രാമേട്ട ഈ വസുന്ധര ചേച്ചി ഇത് വരെ കല്യാണം കഴിച്ചിട്ടില്ലേ...?
ഇല്ല .. അവൾ ഇപ്പോഴും കാത്തിരിക്കുകയാണ് കന്യകയായി കാമുകിയായി...എന്റെ ഭാര്യായാവാൻ  വേണ്ടി...ബലരാമൻ പിറു പിറുത്തു...
എന്നാലും സ്വന്തം അനുജത്തിയെ ബലാൽക്കാരം ചെയ്തു കൊന്ന ഇയാൾക്ക് വേണ്ടി അവർ എന്തിനാണ് ഇപ്പോഴും കാത്തിരിക്കുന്നത്...  നീരജ് ചിന്തിച്ചു കൊണ്ട് ഡ്രൈവിംഗ് തുടർന്നു..
വസുന്ധരേ ...വസുന്ധരേ..
കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ ?
ഗാനം കേട്ട് പുഞ്ചിരിയോടെ ബലരാമൻ അവനോടു ചോദിച്ചു...
അങ്ങനെ ഉള്ളവർ ഉണ്ടോ മോനെ ?
ഒരു നിമിഷം ആലോചിച്ചിട്ട് അവൻ പറഞ്ഞു... എന്റെ അനുഭവത്തിൽ ഇല്ല....
സ്വയം അവൻ എന്നിട്ടു മനസ്സിൽ പറഞ്ഞു..
മതിയായില്ല എന്റെ
ജാനകിയെ  പ്രേമിച്ചു....
അല്ല രാമേട്ടാ എന്താ ഇനി പ്ലാനിങ്...
നമ്മൾ വസുവിനെ കാണുന്നു.. അവളെ കൂട്ടിക്കൊണ്ടു ഒരു യാത്ര പോകുന്നു... നീലക്കുറിഞ്ഞി പൂക്കുന്ന ആ മലനിരകളിൽ....
അതേതു മലനിരകൾ ? നീരജ് ആകാംഷയോടെ ചോദിച്ചു..
കുറിഞ്ഞിമല.. അവിടെ എനിക്ക് ഒരു എസ്റ്റേറ്റ് ഉണ്ട്...പണ്ട് വാങ്ങിയിട്ടതാ.. അവിടെ ജീവിക്കാൻ ആയിരുന്നു ഞങ്ങളുടെ തീരുമാനം.. കുട്ടികളും കുടുംബവും ഒക്കെയായി.. പക്ഷെ ? ബലരാമൻ ഒരു ദീർഘ ശ്വാസത്തോട് കൂടി പറഞ്ഞു നിർത്തി....
പിന്നെ കുറച്ചു നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല....
കാർ നീങ്ങിക്കൊണ്ടിരുന്നു....
ഒപ്പം ആ ഗാനവും... 
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി....
*************************
ഒന്നും മിണ്ടാതെ ബലരാമന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുകയാണ് വസുന്ധര...നീരജ് ഇടയ്ക്കു കണ്ണാടിയിലൂടെ അവരെ നോക്കി... സൗന്ദര്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. സൗന്ദര്യത്തിന്റെ പര്യായമാണ് വസുന്ധര എന്നവന് തോന്നി.... പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം...
ബലരാമൻ വസുന്ധരയുടെ കണ്ണുകളിൽ നോക്കി ചോദിച്ചു...
വസു നിനക്ക് ആ പാട്ട് കേൾക്കണോ ?
തല കുലുക്കി കൊണ്ട് ഒരു ചെറുപുഞ്ചിരിയോട് കൂടി അവൾ പറഞ്ഞു ...
കേൾക്കണം രാമേട്ടാ...
മോനെ നീരജ് ..ആ പാട്ടൊന്നു ഇട്ടെ...
നീരജിന്‌ ദേഷ്യം വന്നു... ഇന്നിതു എത്രാമത്തെ തവണയാ ഈ പാട്ട്...
അത് പുറത്തു കാട്ടാതെ അവൻ ആ ഗാനം പ്ലേയ് ചെയ്തു.....
പുലർച്ചെ അവർ അടിവാരം എത്തി...പിന്നെ അങ്ങോട്ട് ചുരം ആണ്... ചുരം കയറിച്ചെന്നാൽ കുറിഞ്ഞിമല... തമിഴ്നാട് ബോർഡറിൽ ഉള്ള ഒരു ചെറിയ ഗ്രാമം... ചുറ്റും സഹ്യ മല നിരകൾ കോട്ട പോലെ നിൽക്കുന്നു...
രാമേട്ടാ അവിടെ നീലക്കുറിഞ്ഞി പൂത്തിട്ടുണ്ടാകുമോ ?
വസുന്ധരയുടെ ചോദ്യത്തിന് പുറത്തേക്കു നോക്കി അയാൾ പറഞ്ഞു.. ഉണ്ടാകും.. ഇരു വ്യാഴവട്ടക്കാലങ്ങൾക്കു ശേഷം ആണ് നമ്മൾ ഇങ്ങോട്ടു വരുന്നത്...നമുക്ക് വേണ്ടി പൂത്തിരിക്കും....
റോഡ് മുഴുവൻ  കോടമഞ്ഞു മൂടിക്കഴിഞ്ഞു...നീരജ് കാർ ഒരു ചായക്കടയുടെ ഓരം ഒതുക്കി നിർത്തി...
അവൻ പോയി ചായ പറഞ്ഞു കഴിഞ്ഞപ്പോൾ ബലരാമനും വസുന്ധരയും പുറത്തേക്കിറങ്ങി.. ചായയും വാങ്ങി അവർ അല്പം  മാറി  മലഞ്ചേരുവുകളെ നോക്കി നിന്നു... നീരജ് ഇതെല്ലം വീക്ഷിച്ചു കൊണ്ട് ചൂട് ചായ ഊതി കുടിച്ചു....
എന്താവും അവർക്കു പറയാൻ ഉള്ളത്....
ഇരുപത്തിനാലു വർഷത്തെ കഥകൾ അവർ എങ്ങനെ
പറഞ്ഞു തുടങ്ങും....
സത്യത്തിൽ സ്വന്തം സഹോദരിയെ കൊന്ന ഇയാളെ എന്തിനു ഇവർ ഇപ്പോഴും സ്നേഹിക്കുന്നു....
സംശയങ്ങളും ആകാംക്ഷയും എല്ലാം കൂടി നീരജിനെ കുഴക്കി...
വീണ്ടും യാത്ര തുടർന്നു...
മോനെ നീരജ്..ബലരാമൻ വിളിച്ചപ്പോൾ അവൻ ചോദിച്ചു....
ഉം ...എന്താ പാട്ട് ഇനിയും ഇടണോ ?
ഹ ഹ ഹ ഒരു ചിരി ആയിരുന്നു ബലരാമന്റെ മറുപടി... ആ ചിരിക്കൊപ്പം അയാൾ ചുമക്കുന്നുണ്ടായിരുന്നു...
ചുമ ഒതുക്കി കൊണ്ട് അയാൾ പറഞ്ഞു..
അതൊന്നും അല്ല...
താൻ ആ കുട്ടിയെ വേണ്ട എന്ന് വച്ചോ ?
ഏതു കുട്ടി. ? നീരജ് നെറ്റി ചുളിച്ചു
ഋതിക ജാനകി ..
ആ മറുപടി പറഞ്ഞത് കേട്ട് അവൻ ഞെട്ടി....
ഞെട്ടിയതിന്റെ കാരണം അത് പറഞ്ഞത് വസുന്ധര ആയിരുന്നു...
നീരജിന്റെ ഞെട്ടൽ കണ്ടു വീണ്ടും ചിരിയോടെ ബലരാമൻ പറഞ്ഞു..
വസുവിന്‌ എങ്ങനെ ഇതൊക്കെ അറിയാം എന്നാണോ താൻ ചിന്തിക്കുന്നത്..
ഇരുപത്തിനാലു വർഷം ഞങ്ങളെ  അക്ഷരങ്ങൾ അകറ്റിയില്ല... കത്തുകളുടെ രൂപത്തിൽ അത് തുടർന്ന് കൊണ്ടേയിരുന്നു... പിന്നെ ജയിലിൽ താൻ കാണാൻ വന്നതിനൊപ്പം ആ കുട്ടിയും വരുമായിരുന്നു..
എന്നെ കാണുവാൻ.... ഫീച്ചർ ആ കുട്ടിക്ക് മാത്രം കിട്ടുവാൻ...
പക്ഷെ ഞാൻ നറുക്കിട്ടപ്പോൾ  അത് വീണത് തനിക്കായിപ്പോയി... അത് കൊണ്ട്
താൻ ഇപ്പോൾ ഞങ്ങളുടെ കൂടെ ഇരിക്കുന്നു...
ഓഹോ അപ്പോൾ മുഴുവൻ അറിയാം അല്ലെ.. സത്യത്തിൽ  ഇപ്പോൾ ആരാണ് ഫീച്ചർ എഴുതുന്നത് രാമേട്ടാ...
അവന്റെ ചോദ്യം കേട്ട്
വീണ്ടും ബലരാമൻ പൊട്ടിച്ചിരിച്ചു... ഒപ്പം ചുമയ്ക്കുന്നും ഉണ്ട്...
ഇതെന്താ ഇങ്ങനെ ചുമക്കുന്നത്..?
ആവലാതിയോടെ വസുന്ധര ചോദിച്ചു...
ഏയ് ഒന്നുമില്ല... തണുപ്പിന്റെ ആയിരിക്കും...
എന്നാൽ നമുക്ക് തിരിച്ചു പോയാലോ...
ഏയ് എന്തിനു..ഇരുപത്തിനാലു വർഷം നമ്മൾ കാത്തിരുന്നത് ഈ ദിവസത്തിനു വേണ്ടിയല്ലേ.... അങ്ങനെ പറയുമ്പോൾ ബലരാമന്റെ ശബ്ദം അടഞ്ഞു തുടങ്ങിയിരുന്നു......
നീരജ് പ്രതീക്ഷിച്ചതിലും വലുതായിരുന്നു ആ എസ്‌റ്റേറ്റും ബംഗ്ലാവും... കുളിച്ചു ഭക്ഷണം കഴിച്ചു അവർ ഒരുമിച്ചിറങ്ങി.. 
നീലക്കുറിഞ്ഞി പൂത്ത മലനിരയിലേക്ക്....
മല കയറുമ്പോൾ ബലരാമൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു...
അത് കണ്ട വസുന്ധരയുടെ വെപ്രാളം കൂടി വന്നു..
ഒന്നുമില്ല എന്ന മട്ടിൽ ഒരു പുഞ്ചിരിയോട് കൂടി അയാൾ അവരെ ചേർത്ത് പിടിച്ചു കൊണ്ട് നടന്നു...
ഒരു കാവൽക്കാരനെപ്പോലെ പിന്നാലെ നീരജും....
കുന്നിൻ മുകളിൽ എത്തിയപ്പോഴേക്കും എല്ലാവരും കുഴഞ്ഞിരുന്നു..
പക്ഷെ അമ്പരപ്പിക്കുന്ന ആ  കാഴ്ച അവരെ   ഉണർത്തി.. കുന്നിന്റെ ഒരു വശം മുതൽ പൂത്തു നിൽക്കുകയാണ് നീലക്കുറിഞ്ഞി... പിന്നെ ദൂരെ കാണുന്ന മല നിരകളും..
എല്ലാം ഒരു സ്വപ്നത്തിൽ കാണും പോലെ കുറിഞ്ഞി വസന്തത്തിൽ മുങ്ങി  നിൽക്കുന്നു... ഒപ്പം തണുത്ത കാറ്റും കോടമഞ്ഞും...
വസുന്ധരയെ ചേർത്ത് പിടിച്ചു ബലരാമൻ നടന്നു...
രാമേട്ടാ പണ്ട് നമ്മൾ സ്വപ്നം കണ്ടത് പോലെയൊക്കെ ഇനി പറ്റുമോ ?
ഈ മലനിരകളിലൂടെ ഓടി നടക്കുന്ന നമ്മൾ ...എന്നെ വാരിയെടുത്തു ഈ കുറിഞ്ഞിപ്പൂക്കളുടെ ഇടയിലൂടെ നടക്കുന്ന രാമേട്ടൻ..
കോടമഞ്ഞിലും മഴയിലും കൊതി തീരാതെ പ്രണയിച്ചു നിൽക്കുവാൻ..
നമ്മൾ ആഗ്രഹിച്ച പോലെ ജീവിക്കുവാൻ...
നമ്മുടെ കുടുംബം.. കുട്ടികൾ....
വസുന്ധരയുടെ വായ പൊത്തി  നെറുകയിൽ ചുംബിച്ചു കൊണ്ട് അയാൾ മറുപടി പറഞ്ഞു...
പ്രായത്തിനു നമ്മളെ തളർത്താൻ കഴിയില്ല വസു.. കാരണം മനസ്സ് ഇപ്പോഴും ചെറുപ്പം ആണ്...അന്നുള്ള അതെ പ്രണയം ഒട്ടും ചോരാതെ വീര്യം കൂടിയതല്ലേ ഉള്ളു ഇന്ന്....
ഇവിടെ നമ്മൾ ജീവിക്കും..
നാം ആഗ്രഹിച്ചത് പോലെ ...നാം സ്വപ്നം കണ്ടത് പോലെ...
തണുപ്പിനെ ചെറുക്കാൻ സിഗരറ്റ് വലിച്ചു കൊണ്ട് നിന്ന നീരജിനു ഒരു നിമിഷം ഋതികയെ ഓർമ്മ വന്നു....
പ്രണയത്തിന്റെ വില അവൻ ഇപ്പോൾ കണ്ടറിയുകയാണ്...
ശരിയാ..പ്രണയത്തിന് പ്രായ പരിധി ഒന്നും ഇല്ല...
രാത്രി.........
ഭക്ഷണം കഴിച്ചു കഴിഞ്ഞു അവർ ഒത്തു കൂടി..
നീരജിന്‌  നേരെ ഒരു ഡയറി നീട്ടി കൊണ്ട് അയാൾ പറഞ്ഞു...
തനിക്കു വേണ്ടതെല്ലാം ഇതിൽ ഉണ്ട്.....
സന്തോഷം ആയില്ലേ.... പിന്നെ ഒരു പാട് നന്ദിയുണ്ട് മോനോട്... ഞാൻ ഉദ്ദേശിച്ചതിലും വളരെ മനോഹരമായിരുന്നു ഇന്നത്തെ ഈ ദിവസം....
ഡയറി വാങ്ങി അവൻ അയാളെ നോക്കി ഒന്ന് നെടുടുവീർപ്പെട്ടു  കൊണ്ട് പറഞ്ഞു...
നന്ദി എനിക്ക് നിങ്ങളോടാണ്  രാമേട്ട പറയാൻ ഉള്ളത്... സ്നേഹത്തിന്റെ വില എന്താണ് എന്ന് കാണിച്ചു തന്നതിന്...
ബലരാമൻ അവനെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു
സ്നേഹത്തിനു വില കൽപ്പിക്കുന്നു എങ്കിൽ തന്നെ തേടി ഋതിക വരും.. 
തമ്മിൽ ഒരാൾക്ക് ഒരു വീഴ്ച വന്നു എന്നറിഞ്ഞാൽ തീരാവുന്ന വാശിയും ദേഷ്യവും ഒക്കെയെ ഉള്ളു ബന്ധങ്ങളിൽ.... അപ്പോൾ ഇങ്ങു ഓടി വരും... അതാണ് യഥാർത്ഥ സ്നേഹം... അത് സൗഹൃദമായാലും പ്രണയം ആയാലും...
ഒരു ഉദാഹരണത്തിന് തനിക്കു എന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞാൽ ആ കുട്ടി ഇങ്ങു വരും.. കാരണം ആ കുട്ടിക്ക് തന്നോട് ശരിക്കും ഇഷ്ട്ടം ഉണ്ട്...
പിന്നെ രണ്ടു പേരും കൂടി ഒരു മേശയ്ക്കു അപ്പുറം ഇപ്പുറം ഇരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു ഇതൊക്കെ....
താൻ എന്തായാലും പോയ് ഒന്നുറങ്ങു.. ഞങ്ങളും ഉറങ്ങട്ടെ.... ശരിക്കും ഇന്നാണ് ഞങ്ങളുടെ ആദ്യ രാത്രി..
ഇതും പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ നടന്നു... ചിരിക്കൊപ്പം അയാൾ പിന്നെയും ചുമക്കുന്നുണ്ടായിരുന്നു....
ജനാലകൾക്ക് അടുത്ത് അരണ്ട വെളിച്ചത്തിൽ വസുന്ധരയെ കെട്ടി പുണർന്നു ബലരാമൻ നിന്നു.....
നീരജ് ഡയറി തുറന്നു വായിക്കുവാൻ തുടങ്ങി... ഇരുപത്തിനാലു വർഷങ്ങൾക്കു മുൻപുള്ള വസുന്ധരയുടെ അനുജത്തി സിന്ദൂരയുടെ കൊലപാതകത്തിന്റെ ചുരുളുകളിലേക്ക്...............
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്..... അന്ന് അവിടെ സംഭവിച്ചു...
ബലരാമന്റെ മുറപ്പെണ്ണയിരുന്നു വസുന്ധര....
വസുന്ധരയ്ക്ക് ഒരു ജേഷ്ഠൻ കൂടി ഉണ്ടായിരുന്നു... ബലരാമന്റെ  പ്രാണൻ..... വാസുദേവൻ.....
പിൽക്കാലത്തു എങ്ങോ വാസുദേവൻ മദ്യത്തിനും കഞ്ചാവിനും അടിമയായിത്തീർന്നു... എല്ലാവരും ഉപദേശിച്ചു നോക്കി ... നടന്നില്ല...
ഒരു രാത്രിയിൽ ലഹരിയിൽ വാസുദേവന്  സ്വന്തം അനുജത്തിയെ തിരിച്ചറിയാൻ ഉള്ള ബോധം ഉണ്ടായില്ല...
അത് കൊലപാതകത്തിൽ കലാശിച്ചു... ഒരു കുടുംബത്തിലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു...
കുടുംബത്തിന്റെ അന്തസ്സ് കാക്കാൻ പ്രമാണിയായ അമ്മാവനും അനുജന്മാരും ബലരാമനെ നിർബന്ധിപ്പിച്ചു....
ഒപ്പം കാല് പിടിച്ചുള്ള വാസുദേവന്റെ കരച്ചിലും...
സ്വന്തം ചോരയെ പീഡിപ്പിച്ചു കൊന്നു എന്ന പേര്  തന്റെ വാസുവിന്‌ വരാതിരിക്കാൻ
കുടുംബത്തിന്റെ അന്തസ്സ് കാക്കാൻ
സ്വന്തം അച്ഛൻ മരിച്ചതിനു ശേഷം  തന്നെ തീറ്റി പോറ്റി വളർത്തിയത്തിന്റെ നന്ദി കാണിക്കാൻ
അയാൾ ആ കുറ്റം ഏറ്റെടുത്തു....
നീതിപീഠത്തെയും ജനങ്ങളെയും കബളിപ്പിച്ചു കൊണ്ട്...
മൂന്നു വർഷങ്ങൾ കഴിഞ്ഞു കുറ്റബോധ ഭാരം കൂടി വാസുദേവൻ ആത്മഹത്യാ ചെയ്തു.....
ഇങ്ങനെ പല സംഭവങ്ങളും പണ്ട് നടന്നിട്ടുണ്ട്.....പക്ഷെ ഇന്നത്തെ പോലെ ഒരു കാലം അല്ലാത്തതിനാൽ ചിലതൊന്നും പുറത്തു വന്നില്ല എന്ന് മാത്രം.....
ഇരട്ട ജീവപര്യന്തം കഴിഞ്ഞിറങ്ങിയ ബലരാമൻ ഇന്നിതു പുറത്തു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നതല്ല... തന്റെ മനസാക്ഷിയെ അയാൾക്കിനിയും വഞ്ചിക്കാൻ വയ്യ....
വാതിലിൽ ആരോ ശക്തിയായി മുട്ടുന്നത് കേട്ട് നീരജ് വാതിൽ തുറന്നു....
വസുന്ധര ആണ്.
അവർ ആകെ പരിഭ്രമിച്ചു നിൽക്കുകയാണ്...
മോനെ വേഗം വാ.. രാമേട്ടന്  സുഖമില്ല... ആശുപത്രിയിൽ പോണം.....
കയ്യിലിരുന്ന ഡയറി പോലും താഴെ വയ്ക്കാതെ  തന്നെ നീരജ് ഓടി പോയി വണ്ടി സ്റാർട്ടാക്കി... എന്നിട്ടു രണ്ടു പേരും കൂടി ബലരാമനെ താങ്ങി പിടിച്ചു കാറിൽ കയറ്റി....
*************************
നേരം പുലർന്നു...ആശുപത്രി ബെഞ്ചിൽ തല കുമ്പിട്ടിരിക്കുന്ന നീരജിന്റെ തോളിൽ ഒരു കൈ വച്ച്  ഒരാൾ അവനെ വിളിച്ചു...
അവൻ മുഖം ഉയർത്തി നോക്കിയപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി ഋതിക...
അവൾ പെട്ടന്ന് അവനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു...
ഒന്നും മനസ്സിലാകാതെ അവൻ ഇരുന്നു...
അപ്പോൾ അവളുടെ കൂട്ടുകാരി പറഞ്ഞു... നിനക്ക് അപകടം പറ്റി എന്നും പറഞ്ഞു ഇവൾക്ക് രാത്രി ഒരു കോൾ വന്നിരുന്നു... അപ്പൊ തുടങ്ങിയ കരച്ചിലും ബഹളവുമാണ്... എന്നാലും ആരാ ഭഗവാനെ ഇങ്ങനത്തെ ചതി ചെയ്തത്....
കരയുന്ന അവളെ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു..
നീ കരയണ്ട... ഇതൊക്കെ ആ രാമേട്ടൻ ഒപ്പിച്ചു വച്ചതാണ് എന്ന് തോന്നുന്നു...
പക്ഷെ.... പക്ഷെ...ഇക്കണ്ട കുസൃതി ഒക്കെ ഒപ്പിച്ചു വച്ചിട്ട് അയാൾ പോയി..... അത് പറഞ്ഞു തീർന്നപ്പോൾ നീരജിന്റെ  സ്വരം ഇടറി...
തന്നിൽ നിന്നും അവളെ അടർത്തി മാറ്റി അവൻ ആ ഡയറി അവളുടെ കയ്യിൽ വച്ച് കൊടുത്തിട്ട് പറഞ്ഞു..
നീ ഇത് വച്ചോ... എല്ലാം ഇതിലുണ്ട്... ഫീച്ചർ നീ തന്നെ എഴുതിക്കോ...
ഈ ഒരു ഫീച്ചറോ നമ്മുടെ  വാശിയോ  ഇഗോയോ ഒന്നുമല്ല  ജീവിതം.... അതിനും അപ്പുറം ആണ് സ്നേഹം...യഥാർത്ഥ പ്രണയം ... ഒരുമിച്ചുള്ള ജീവിതം..  നിന്നെ എനിക്ക് വേണം... സ്നേഹത്തിനു വേണ്ടി ഇരുവ്യാഴവട്ടക്കാലം അവർ കാത്തിരുന്നു.... എന്നിട്ടോ... കണ്ടില്ലേ.....
അത് നമുക്ക് സംഭവിക്കരുത്..
ഇനിയും ഒരു വ്യാഴവട്ടക്കാലം വരുമ്പോഴേക്കും എനിക്ക് നിന്നെ കുറച്ചെങ്കിലും സ്നേഹിച്ചു തീർക്കണം... ഇത്രയും പറഞ്ഞു തീർക്കുമ്പോൾ അവൻ വല്ലാതെ കിതച്ചിരുന്നു....
അവന്റെ കൈ പിടിച്ചു നെഞ്ചോടു ചേർത്തവൾ പറഞ്ഞു...
എനിക്ക് നിന്നോളം വലുതല്ല ഒരു ഫീച്ചറും.. എനിക്ക് നീ മതി....നീ മാത്രം മതി ... വേറൊന്നും ഇനി വേണ്ട... ഇന്നലെ ഒരു രാത്രി എനിക്ക് മനസ്സിലാക്കി
തന്നു എല്ലാം...
ആശുപത്രി മുറ്റത്തു ഒരു  ആംബുലൻസ് വന്നു നിന്നു...
ബലരാമന്റെ മൃതദേഹം അതിൽ കയറ്റി... പിന്നാലെ വസുന്ധരയെ താങ്ങിപിടിച്ചു കൊണ്ട് നീരജും..
നീരജിന്റെ ഓർമ്മകളിൽ ആ ഗാനവും ബലരാമന്റെ  ചോദ്യവും ഓർമ്മ വന്നു....
കൊതി തീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ ?
കോടമഞ്ഞിനെ കീറിമുറിച്ചു ആ ആംബുലൻസ് ചീറിപ്പാഞ്ഞു....
നിശ്ചലമായി വസുന്ധര ഇരുന്നു....
ഇനിയും ഒരു വ്യാഴവട്ടക്കാലം കൂടി കാത്താൽ തന്റെ രാമേട്ടൻ തിരിച്ചു വരുമോ ?
ആ ഗാനത്തിന്റെ വരികൾ അപ്പോഴും എവിടെയോ മുഴങ്ങി കൊണ്ടിരുന്നു...
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരു ജന്മം കൂടി..........
            ശുഭം


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൂരെ ഒരു കാനാൻ ദേശത്ത്

തേച്ചിട്ടു പോയ കാമുകിയെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു… ഈ തലക്കെട്ടു കണ്ടാണ് അന്നാദ്യമായി അവൾ അവൻ എന്ന ചെറിയ എഴുത്തുകാരനെക്കുറിച്ചു അറിയുന്നത്… അല്പം കഷ്ട്ടപ്പെട്ടു അവന്റെ ഫേസ്ബുക് അക്കൗണ്ട് കണ്ടു പിടിച്ചു.. റിക്വസ്റ് അയക്കാതെ മെസഞ്ചറിൽ ആഡ് ചെയ്തു ഒരു മെസ്സേജ് അയച്ചു.. കഥ വായിച്ചു .. ഹൃദയത്തിൽ സ്പർശിച്ചു.. ഇതു ചേട്ടന്റെ തന്നെ കഥ ആണോ ? ഇൻബോക്സിൽ കിടക്കുന്ന എല്ലാ മെസ്സേജുകളും നോക്കിയപ്പോൾ അവൻ അതും കണ്ടു.. അക്സപ്റ്റ് ചെയ്തു മറുപടി കൊടുത്തു.. വായിച്ചതിനും അഭിപ്രായം നൽകിയതിനും നന്ദി.. കഥ എന്റെയല്ല.. എന്നാൽ ഞാനും തേപ്പിന് ഇരയായിട്ടുണ്ട്… ഇര…. കൂടുതൽ മറുപടി നൽകാൻ അവനു തോന്നിയില്ല.. പിന്നീട് അവന്റെ ഓരോ കഥകൾക്കും അവൾ അഭിപ്രായങ്ങൾ നൽകി .. ക്രമേണ ആ ബന്ധം ഒരു ചെറിയ സൗഹൃദത്തിലേക്കു വളർന്നു… ഫേസ്ബുക്കിൽ അവർ ഫ്രണ്ട്‌സ് ആയതു എന്നാണ് എന്നു ചോദിച്ചാൽ അവർക്കും അറിയില്ല… അവന്റെ വിരഹം നിറഞ്ഞ ഓരോ കഥകൾ വായിച്ച ശേഷവും അവൾ തന്റെ ടൈംലൈനിൽ പ്രതീക്ഷകൾ നിറഞ്ഞ പോസ്റ്റുകൾ അതിനു മറുപടിയെന്ന പോലെ ഇട്ടു..ഒരു നാൾ ഒരു കാലം തെറ്റി പെയ്ത മഴയിൽ അവളുടെ സന്ദേശം എത്തി… ദൂരെ നമുക്കായി ഒരു കാനാൻ ദേ

ഹൃദയത്തിന്റെ കലാപങ്ങൾ

ചീന്തിയ കടലാസിലെ വരികളെ ചേർത്തു നോക്കിയപ്പോൾ വികൃത മുഖം പോലെ തോന്നി പടർന്നൊഴുകുന്ന മഷിയും എറിഞ്ഞുടച്ച മഷിക്കുപ്പിയും യാത്ര പറഞ്ഞു പിരിഞ്ഞു ഗർഭപാത്രത്തിൽ എത്തിച്ചേരാത്ത ബീജം പോലെ ചില്ലക്ഷരങ്ങൾ യാത്രയിൽ തളർന്നു വീണു കുറ്റബോധത്തിൽ മുങ്ങിയ ഞാൻ ഉണരരുത് എന്ന് പ്രാർത്ഥിച്ച് കുടിച്ചു ബോധം കെട്ടുറങ്ങി അവരുടെ വിലാപങ്ങളിൽ ഞാൻ കണ്ണീർ ചിന്തിയില്ല അവരുടെ കലാപങ്ങളിൽ ഞാൻ രക്തം ചിന്തിയില്ല. അവർ ഓരോന്നായി എന്റെ ഹൃദയത്തിൽ കലപില കൂട്ടി അവർ പരസ്പരം കരഞ്ഞും കലഹിച്ചും മരിച്ചു വീണു കരൾ ഉലഞ്ഞിട്ടും കടൽ നീന്തി കരയിൽ കാലുറപ്പിച്ചപ്പോൾ കാഴ്ചക്കാർ എന്നെ കല്ലെറിഞ്ഞു ഞാൻ കടലിലേക്ക് തിരികെ മടങ്ങി      നിവിൻ എബ്രഹാം വാഴയിൽ ( മിഴി ഓൺലൈൻ മാഗസിൻ ജൂലൈ 2020 )

ഒരു യാത്രക്കപ്പുറം

ഒരു യാത്രക്കപ്പുറം !... അച്ചായോ നിങ്ങളെ ഏതേലും ഒരു പെണ്ണ് പറ്റിച്ചു എന്ന് കരുതി ലോകത്തുള്ള എല്ലാ പെണ്ണുങ്ങളെയും അതെ കണ്ണിൽ കാണരുത്..എല്ലാ പെൺകുട്ടികളും ഒരു പോലെ അല്ല..... ഈ ഡയലോഗ് പറയുന്ന പെണ്ണുങ്ങളെയാണ് ആദ്യം സൂക്ഷിക്കേണ്ടത്... എന്ന്  സെലിന്റെ മുഖത്ത് നോക്കി കടുപ്പിച്ചു പറഞ്ഞപ്പോൾ അനൗൺസ്മെന്റ് മുഴങ്ങി യുവർ അറ്റെൻഷൻ പ്ളീസ് ട്രെയിൻ നമ്പർ ...... ഉം വാ ട്രെയിൻ വന്നു.. എങ്ങനെയെങ്കിലും നാട്ടിൽ എത്താം....സെലിൻ  ടോമിനോട് പറഞ്ഞു..... രണ്ടാൾക്കും സൈഡ് സീറ്റ് തന്നെ കിട്ടി...പച്ച കൊടി കണ്ടതും ഒരു ചൂളം വിളിയോടെ വണ്ടി  നീങ്ങി തുടങ്ങി......മഴ തോർന്നു എങ്കിലും  പ്രകൃതി ഇനിയും അടങ്ങിയിട്ടില്ല . എങ്ങും നഷ്ട്ടളുടെ ചിത്രങ്ങൾ മാത്രം കാണാൻ സാധിക്കുന്നു.. ട്രെയിനിൽ നിറച്ചും ആളുകളാണ്...രണ്ടു ദിവസത്തെ കനത്ത മഴയിൽ ചെന്നൈ മുഴുവൻ വെള്ളത്തിൽ ആയി. ഹൈദരാബാദ് ചേച്ചിയെ കാണാൻ പോയി   വന്ന  സോഷ്യൽ വർക്കർ കൂടിയായ സെലിൻ അങ്ങനെയാണ് ചെന്നൈയിൽ പെട്ട് പോയത്.... ഇന്നാണ് മൊബൈലിനു റേഞ്ച് പോലും കിട്ടുന്നത്... ടി വി യിലും പത്രത്തിലും വാർത്തകൾ കണ്ടു ഭയന്നിരുന്ന വീട്ടുകാർക്ക് ഇപ്പോൾ ശ്വാസം നേരെ വീണിരിക്കണം... ഹാപ്പി ബർത്